ഹോര്‍മുസില്‍ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ആക്രമണം. കപ്പലിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ‘അഡ്‌നോക്.’ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (ADNOC) ടാങ്കറിനെ ഇറാന്‍ ലക്ഷ്യമിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശനിയാഴ്ച അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം, ഹോര്‍മുസില്‍ തങ്ങളുടെ 15 കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്ന് വെള്ളിയാഴ്ച ADNOC ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു, അതില്‍ ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകള്‍ ഉള്‍പ്പെടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ 15 എണ്ണടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഈ ആഴ്ചയില്‍ മാത്രം കമ്പനിയുടെ മൂന്ന് ഇന്ധന ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കണക്കുകളാണ് യു.എ.ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണങ്ങളില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഡ്‌നോക് അറിയിച്ചു. കപ്പലുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് അഡ്‌നോക് ആവശ്യപ്പെട്ടു. ഹോര്‍മുസിലൂടെ തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അതേസമയം, ഹോര്‍മുസ് തുറന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മില്‍ ഉടന്‍ കരാറിലെത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ ഒരു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.




