പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോര്‍ച്ചുഗലില്‍ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു

പുണ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂര്‍ സ്വദേശിയായ യുവതിയെ തട്ടിപ്പിനിരയാക്കി പോര്‍ച്ചുഗലില്‍ വിറ്റതായി പരാതി. 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ആരോപണത്തില്‍ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാഗ്പൂര്‍ സ്വദേശി 28-കാരിയായ കൊമേഴ്സ് ബിരുദധാരിയാണ് തട്ടിപ്പിനിരയായത്.

പുണെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘വി മൈഗ്രേറ്റ്’ എന്ന റിക്രൂട്ട്മെന്റ് ഏജന്‍സി സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയെ ആകര്‍ഷിച്ചത്. യൂറോപ്പിലെ ചോക്ലേറ്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത്, പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് ഏജന്‍സി വാഗ്ദാനം ചെയ്തു. വിസ, ഇന്‍ഷുറന്‍സ്, പ്രൊസസിങ് ഫീസ് തുടങ്ങിയ ചെലവുകള്‍ക്കായി 11 ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെടുകയും, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പിന്‍വലിച്ച് യുവതി ഈ തുക ഏജന്‍സിക്ക് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് 2026 മെയ് മാസത്തില്‍ സ്‌പെയിന്‍ വഴി യുവതിയെ പോര്‍ച്ചുഗലില്‍ എത്തിച്ചെങ്കിലും, അവിടെയെത്തിയ ഉടന്‍ ഇടനിലക്കാര്‍ യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. തുടര്‍ന്ന് ഒഡെമിറ എന്ന സ്ഥലത്തുള്ള ബീയര്‍ ഷോപ്പ് ഉടമയ്ക്ക് ഏജന്‍സിക്കാര്‍ യുവതിയെ വില്‍ക്കുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്ക് പകരം ബീയര്‍ ഷോപ്പില്‍ അടിമപ്പണി ചെയ്യിക്കുകയും, ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തടവിലാക്കപ്പെട്ട മറ്റു ചില ഇന്ത്യന്‍ യുവതികളും അവിടെ സമാനമായ ചൂഷണം നേരിടുന്നുണ്ടായിരുന്നു. തടങ്കലില്‍ നിന്ന് ജൂണ്‍ അവസാന വാരം (ജൂണ്‍ 29) രക്ഷപ്പെട്ട യുവതി ബസ് മാര്‍ഗ്ഗം മാഡ്രിഡില്‍ എത്തുകയും, അവിടെനിന്ന് ദോഹ വഴി ദില്ലിയിലേക്ക് വിമാനമാര്‍ഗം എത്തുകയും ചെയ്തു. നാട്ടിലെത്തിയ ശേഷവും മറ്റൊരു രാജ്യത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ 3 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പുണെ സിറ്റി പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കി. സംഭവത്തില്‍ ഇന്ത്യയിലും പോര്‍ച്ചുഗലിലുമുള്ള പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Scroll to Top