നീണ്ടകര സ്വദേശി ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നീണ്ടകരയില്‍. ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കടലില്‍ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചില്‍ 11 ദിവസവും തുടരുന്നതിനിടെ ജനരോഷം തണുപ്പിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നീണ്ടകരയിലെത്തിയത്. കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തെരച്ചില്‍ നടത്തുന്നതെന്നും ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഷുറന്‍സ് ചട്ടം അടക്കം പരിഷ്‌ക്കരിക്കും കടല്‍ ഭിത്തി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാവുക സ്വാഭാവികമാണ്. ഭരണകൂടത്തിന്റെ തലവന്‍ മുഖ്യമന്ത്രി ആയതുകൊണ്ട് തനിക്കെതിരെ വിമര്‍ശനം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിന്റെ മക്കളാണ് തീരം സന്ദര്‍ശിക്കാത്തതിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. തിരച്ചിലെ ഏകോപനമില്ലായ്മയും അലംഭാവും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചപ്പോഴും വിമര്‍ശനം ശക്തമായപ്പോഴും തീരത്ത് വകുപ്പ് മന്ത്രി എത്തിയിരുന്നില്ല. ഇതിനിടെയായിരുന്നു മുമ്പ് തീരത്തെത്തിയ നേതാക്കള്‍ക്കുണ്ടായ അനുഭവം ഓര്‍മ്മിപ്പിച്ച് സന്ദര്‍ശനത്തിന് തയ്യാറാകാത്തതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.




