കാസര്‍കോട്: കുമ്പള ഉപജില്ലയില്‍ നടന്ന സ്‌കൂള്‍തല ഫ്രീഡം ക്വിസ് മത്സരത്തിലെ ഒരു ചോദ്യത്തില്‍ വീര്‍ സവര്‍ക്കറുടെ പേര് ഉത്തരമായി വന്നതിന്റെ പേരില്‍ അധ്യാപകനെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും
വിദ്യാഭ്യാസത്തെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കരുതെന്നും ചരിത്രത്തെ രാഷ്ട്രീയത്തിന്റെ കണ്ണടയിലൂടെ കാണരുതെന്നും കാസര്‍ക്കോട് ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പറഞ്ഞു.
ഒരു ചരിത്രപുരുഷന്റെ പേര് ക്വിസ് മത്സരത്തിന്റെ ചോദ്യത്തിനുത്തരമായി വന്നത് മാത്രം കുറ്റമായി കാണുന്നത് അംഗീകരിക്കാനാകില്ല.
കേരളത്തിലെ എല്ലാവരും വീര സവര്‍ക്കറുടെ രാഷ്ട്രീയ ആശയങ്ങളോട് യോജിക്കണമെന്നില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ ആര്‍ക്കുംവിമര്‍ശിക്കാമെന്നും, എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു വ്യക്തിത്വം എന്ന നിലയില്‍ അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തില്‍ വിവാദമായ വ്യക്തിത്വങ്ങളെയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി പഠിക്കുകയാണ് വേണ്ടത്. ആരെയും ആരാധിക്കേണ്ടതില്ല; അതുപോലെ ആരെയും ചരിത്രത്തില്‍ നിന്ന് പുറത്താക്കുകയും വേണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
ഒരു ക്വിസ് മത്സര ചോദ്യത്തില്‍ വസ്തുതാപരമായ പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുകയും തിരുത്തുകയും ചെയ്യാം. ആവശ്യമായാല്‍ ചോദ്യത്തിന്റെ ഉറവിടം പരിശോധിച്ച് അധ്യാപകനില്‍ നിന്നും അതേ പോലെ തന്നെ ഈ ചോദ്യങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അംഗീകാരം നല്‍കി വിവിധ വിദ്യാലയങ്ങളിലേക്ക് അയച്ച ഉപജില്ല വിദ്യാഭ്യാസ ഓഫീസറോടും വിശദീകരണം തേടാം.
എന്നാല്‍ അന്വേഷണവും വിശദമായ പരിശോധനയും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അധ്യാപകനെതിരെ മാത്രം സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കുന്നത് അധ്യാപക സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുത്തകയല്ലെന്നും ഇന്ത്യന്‍ ചരിത്രം വിവിധ ആശയധാരകളുടെയും വ്യക്തിത്വങ്ങളുടെയും സംഭാവനകളിലൂടെയാണ് രൂപപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു .
വിദ്യാഭ്യാസത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കരുത്
വീര്‍ സവര്‍ക്കറുടെ പേരില്‍ പോര്‍ട്ട് ബ്ലെയറില്‍ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഭാരതത്തിന്റെ പ്രഥമ വനിത പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി വീര സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കയിട്ടുണ്ടെന്നുള്ളതും
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് കരുതപ്പെടുന്ന പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി തന്നെ സവര്‍ക്കറുടെ ഛായാ ചിത്രം അനാച്ഛാദനം ചെയ്തുവെന്നതുമെല്ലാം പഠിച്ച വിദ്യാര്‍ത്ഥി സമൂഹത്തില്‍ അദ്ദേഹത്തിന്റെ പേര് ഒരു സ്‌കൂള്‍ ക്വിസ് ചോദ്യത്തില്‍ വന്നത് എങ്ങനെയാണ് ഗുരുതരമായ വിദ്യാഭ്യാസ കുറ്റമായി മാറിയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
”സവര്‍ക്കറെ അനുകൂലിക്കണമെന്നില്ല; വിമര്‍ശിക്കാം. എന്നാല്‍ ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ചരിത്രം ഭരണക്കാരുടെ സ്വകാര്യ സ്വത്തായി അവതരിപ്പിക്കാന്‍ പാടില്ല. വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ തടവറയുമല്ല എന്ന സാമാന്യതത്വം കേരള വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കണം.
അധ്യാപകന്റെ ജോലി കുട്ടികളെ ഒരു പ്രത്യേക രാഷ്ട്രീയ ആശയത്തിലേക്ക് നയിക്കുകയല്ലെന്നും, ചിന്തിക്കാനും ചോദിക്കാനും തെളിവുകള്‍ പരിശോധിക്കാനും വ്യത്യസ്ത അഭിപ്രായങ്ങള്‍ മനസ്സിലാക്കാനും പഠിപ്പിക്കുകയുമാണ് വേണ്ടത്.
ക്വിസ് ചോദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപകരെയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും NTU ആവശ്യപ്പെട്ടു. കാസര്‍ക്കോട് ജില്ല അധ്യക്ഷന്‍ ടി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ച
ധര്‍ണയില്‍ ജില്ല ജനറല്‍ സെക്രട്ടറി ശ്രീ അജിത്ത് സ്വാഗതം പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പ്രഭാകരന്‍ നായര്‍, വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ എ. സുചിത, എന്‍ രഞ്ചിത്ത്, ഒ.സതീഷ് കുമാര്‍, കെ.അരവിന്ദാ ക്ഷ ഭണ്ഡാരി, പി. ബാലകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു .
ഇരുനൂറ്റി അമ്പതിലേറെ അധ്യാപകര്‍ പങ്കെടുത്ത മാര്‍ച്ച് ഡിഡി ഇ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.




