ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ജാമ്യം

തിരുവനന്തപുരം: ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ ടി ജി മോഹന്‍ദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹന്‍ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നായിരുന്നു മോഹന്‍കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതൊന്നും മോഹന്‍ദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നല്‍കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയില്‍ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു.

ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യല്‍ (BNS 192), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കല്‍ (BNS 79), സമൂഹത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ (KP Act 120(o)) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതില്‍ ബി എന്‍ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.

Scroll to Top