അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം; 18 പേര്‍ക്ക് പരുക്ക്

അസം-അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം. അരുണാചല്‍ ഭാഗത്തുനിന്ന് അജ്ഞാതര്‍ വെടിവയ്പ്പ് നടത്തി. 18 അസംക്കാര്‍ക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

”അസം പോലീസ് കൂടുതല്‍ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കേണ്ടതുണ്ട്. അതേസമയം, ഒരു സാഹചര്യത്തിലും അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് അസം പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ നാല് പേരെ ദിബ്രുഗഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസമിലെ ധേമാജി ജില്ലയിലെ മിങ്മാങ് ബസ്തിയില്‍ ഭൂമി തര്‍ക്കത്തെച്ചൊല്ലിയാണ് സംഘര്‍ഷം. ഇന്ന് രാവിലെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

അസമും അരുണാചല്‍ പ്രദേശും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ചര്‍ച്ചയിലൂടെയും അതിര്‍ത്തി നിര്‍ണ്ണയത്തിലൂടെയും തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണെങ്കിലും അതിര്‍ത്തിയിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും സെന്‍സിറ്റീവ് ആയി തുടരുന്നു.

Scroll to Top