|
കാസര്‍കോട്: വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്ന് പറയുന്ന വിഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാട് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും അടുത്ത വിഭജനത്തിന് വിത്തുപാകലാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ രണ്ടായി വിഭജിക്കണമെന്നും പതിനേഴായി വിഭജിക്കണമെന്നും ആവശ്യപ്പെട്ട മുസ്ലിംലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വന്ദേമാതരത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വലിയ പാരമ്പര്യമുള്ള കോണ്‍ഗ്രസ് മുസ്ലിംലീഗിന് പൂര്‍ണമായും കീഴടങ്ങിയതാണ് ഏറെ അപകടകരം.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെയും സമരങ്ങളെയും പിന്തുണയ്ക്കുന്നുവെന്ന ഇന്ത്യ മുന്നണി അവകാശവാദം കപടമാണെന്ന് ഝാര്‍ഖണ്ഡ് സമരത്തോടും കേരള സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തോടും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാടില്‍ നിന്നും ഒരിക്കല്‍ കൂടി വ്യക്തമായി. കേരളത്തില്‍ വിവിധ പി.എസ്.സി റാങ്ക് ഹോള്‍ഡേര്‍സ് നടത്തുന്ന സമരങ്ങളില്‍ അവരുമായി ചര്‍ച്ച നടത്താന്‍ പോലും കേരള മുഖ്യമന്ത്രി തയ്യാറായില്ല. നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പി.എസ്.സിയെ അന്വേഷണ വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ നിന്നും യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇരുമുന്നണികളും രണ്ടല്ല ഒന്നാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ നിയമസഭാ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചര്‍ച്ചയായതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു




