മെസ്സിയുടെ കേരള സന്ദര്‍ശനത്തില്‍ അടിമുടി ഫൗള്‍; രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോര്‍ട്ട്

എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയും സ്‌പോണ്‍സറും സര്‍ക്കാരും തമ്മിലുള്ള കരാറിന്റെയും രേഖകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതു കോടികള്‍ തട്ടിക്കാന്‍ നടത്തിയ പ്രഹസനമെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കോടികളുടെ തട്ടിപ്പും ചട്ടലംഘനവും നടന്നതിനാല്‍
വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ വിജിലന്‍സ്, കേന്ദ്ര ഏജന്‍സി അന്വേഷണങ്ങള്‍ കൂടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിനു നല്‍കിയത്. ഇതു തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്കു കൈമാറി.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളര്‍ ( 126 കോടി രൂപ) നല്‍കിയെന്ന് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ രേഖ സര്‍ക്കാര്‍ ഫയലുകളില്‍ ഇല്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിന്റെയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ രേഖകളും സര്‍ക്കാരിന്റെ പക്കല്‍ ഇല്ല.

Scroll to Top