സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ സ്‌ക്വയര്‍ കുമ്പള സീനിയര്‍ ബേസിക് സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

പുതുയുഗ കേരളത്തിനായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കൈറ്റ് (KITE) നടപ്പാക്കുന്ന നൂതന പദ്ധതിയായ ഡിജിറ്റല്‍ സ്‌ക്വയറിന്റെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് ജി.എസ്.ബി.എസ്. കുമ്പളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ,അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രൈമറി ക്ലാസുകളിലെ ഐ.ടി. പഠനം കൂടുതല്‍ കാര്യക്ഷമമാക്കുക, കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ വിടവ് നികത്തുക, ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വയംപഠനത്തിനുള്ള ഉപാധിയാക്കുക, ആരോഗ്യകരമായ ഡിജിറ്റല്‍-ബ്രൗസിംഗ് സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഈ പദ്ധതി നടപ്പാക്കുന്നത്. വര്‍ണാഭമായ ചുമര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചും, ആവശ്യമായ ലാപ്ടോപ്പുകളും ഇരിപ്പിടങ്ങളും ഒരുക്കിയുമാണ് പി. ടി .എ യും അധ്യാപകരും ഈ മാതൃകാ ഡിജിറ്റല്‍ സ്‌ക്വയര്‍ സജ്ജമാക്കിയിരിക്കുന്നത്.

കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കളികളിലൂടെയുള്ള പഠനം, സര്‍ഗ്ഗാത്മകത, സ്വയംപഠനം, ഡിജിറ്റല്‍ സാക്ഷരത എന്നിവ വളര്‍ത്തുന്നതിനൊപ്പം ‘കളിപ്പെട്ടി’, ‘ഇ@വിദ്യ’ എന്നീ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്.

Scroll to Top