ജനനേന്ദ്രിയത്തില്‍ ചവിട്ടി, റഫറിയുടെ ഭാഗത്ത് ഗുരുതര വീഴ്ച; തായ്കോണ്ടോ മത്സരത്തിനിടെ ചവിട്ടേറ്റ വിദ്യാര്‍ഥി വെന്റിലേറ്ററില്‍, നിയമ നടപടിയുമായി കുടുംബം

മത്സരം നിയന്ത്രിക്കുന്നതില്‍ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിന്റെ ജനനേന്ദ്രിയത്തില്‍ കിക്ക് ചെയ്തു. എന്നാല്‍ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാര്‍ത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു മീറ്ററിനുള്ളില്‍ ഉണ്ടാവണം എന്നത് അടക്കമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
തൃശൂര്‍: മഹാരാഷ്ട്രയില്‍ സിബിഎസ്ഇ സൗത്ത് സോണ്‍ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ കുടുംബം. തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫൈസ് അബ്ദുള്‍ ജലാലിനെ (17) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷമാണ് തലയില്‍ കിക്ക് ചെയ്തതെന്നും ഫൈസിന് നീതി ലഭിക്കമെന്നും കുട്ടിയുടെ പിതൃ സഹോദരന്‍ മുജീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മത്സരം നിയന്ത്രിക്കുന്നതില്‍ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. എതിരാളി ഫൈസിന്റെ ജനനേന്ദ്രിയത്തില്‍ കിക്ക് ചെയ്തു. എന്നാല്‍ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ല. മത്സരാര്‍ത്ഥികളുടെ ഒപ്പം റഫറി നീങ്ങണം, രണ്ടു മീറ്ററിനുള്ളില്‍ ഉണ്ടാവണം എന്നത് അടക്കമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ ഫൈസിന്റെ അച്ഛനും അമ്മയും സിബിഎസ്ഇ ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്. ഫൈസിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും കുടുംബം അറിയിച്ചു. കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.

ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരില്‍ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതിന് എയര്‍ ആംബുലന്‍സിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്. ഫൈസ് അബോധാവസ്ഥയിലാണ്. മത്സരസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ശക്തമായ പ്രഹരത്തില്‍ തലച്ചോറിലെ രക്തം കട്ടപിടിക്കുകയായിരുന്നു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് വിദഗ്ദ്ധചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് വിദ്യാര്‍ഥി.

Scroll to Top