സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിക്ക് (നിഹാദ്) പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് നോട്ടീസ് നല്‍കിയത്.

അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ സ്വാധീനം നേടിയത്. തുടക്കംമുതല്‍ ഇവര്‍ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി. പിന്നീട് സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്യപ്പോരാണ് യൂട്യൂബ് ചാനല്‍ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത്. യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്നാണ് വിവരം.

അതേ സമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലില്‍ ജൂണ്‍ 10ന് രാത്രി മണി മുതല്‍ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനല്‍ ഉടമയായ ഷമീര്‍, ജാസി, മമ്മു എന്നിവര്‍ ചേര്‍ന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുന്‍പ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്.

Scroll to Top