വനിത ശിശു വികസന വകുപ്പ്, ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും: അവകാശങ്ങള്‍, സമത്വം, ശാക്തീകരണം’എന്ന സന്ദേശം ആസ്പതമാക്കിയാണ് ഇത്തവണത്തെ വനിതാദിനാഘോഷം സംഘടിപ്പിച്ചത്. കാസര്‍ക്കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷതവഹിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ജില്ലാ കളക്ടര്‍ ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ ഡോ കെ.ശ്രുതി പണ്ഡിതിന്റെ സെമിനാര്‍ അവതരണവും ഡെക്യൂമെന്ററി പ്രദര്‍ശനവും നടന്നു.
കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു . ജില്ലാപഞ്ചായത്ത് ആരോഗ്യ വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എസ്.എന്‍ സരിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ ശകുന്തള, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എസ്.ചിത്രലേഖ, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി.ജ്യോതി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, ശിശു വികസന പദ്ധതി ഓഫീസര്‍ കെ.എം ശ്രീലത, എന്നിവര്‍ പങ്കെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍ ഷീബ സ്വാഗതവും ശിശു വികസന പദ്ധതി ഓഫീസര്‍ രോഹിണി നെല്ലിശ്ശേരി നന്ദിയും പറഞ്ഞു.