പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകള്‍ നല്‍കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ വിലക്ക്, സ്റ്റേ ഒരു മാസത്തേക്ക്

സെലക്ഷന്‍ പ്രോസസ്സ് പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായ ശേഷം പരീക്ഷ രേഖകള്‍ നല്‍കാമെന്നും അല്ലെങ്കില്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‌സി കോടതിയില്‍ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു.

കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പരീക്ഷ രേഖകള്‍ നല്‍കാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു. സെലക്ഷന്‍ പ്രോസസ്സ് പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായ ശേഷം പരീക്ഷ രേഖകള്‍ നല്‍കാമെന്നും അല്ലെങ്കില്‍ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‌സി കോടതിയില്‍ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു. പിഎസ്‌സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകള്‍ നല്‍കാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.

വിവരാവകാശ കമ്മീഷണര്‍ ഉത്തരവിനെതിരെ പിഎസ്‌സി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയില്‍ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റര്‍വ്യൂ മാര്‍ക്ക് ലിസ്റ്റിന്റെയും മുഴുവന്‍ രേഖകളും ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണര്‍ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനിടെയിലാണ് റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Scroll to Top