ആഗസ്റ്റ് 15ന് ഐ.എന്‍.എല്‍ പൗരത്വ സംരക്ഷണ ദിനം ആചരിക്കും

കോഴിക്കോട്: സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഐ.എന്‍.എല്‍ ‘പൗരത്വ സംരക്ഷണ ദിനം’ ആചരിക്കും. രാജ്യത്ത് പൗരത്വം സംബന്ധിച്ച് കടുത്ത ആശങ്ക നിലനില്‍ക്കുന്ന ചുറ്റുപാടിലാണ്, ‘പൗരത്വം ആരുടെയും ഔദാര്യമല്ല, ജന്മാവകാശമാണ്’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം സംരക്ഷണ ദിനം കൊണ്ടാടുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ശേഷം എല്ലാ ജില്ലകളിലും പൗരത്വ സംഗമങ്ങളും സമാന ചിന്താഗതിക്കാരെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും നടക്കും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടന വിഭാവന ചെയ്യുന്ന പൗരസമത്വവും അന്തസ്സാര്‍ന്ന അസ്തിത്വവും എസ്.ഐ.ആര്‍ പോലുള്ള നടപടികളിലൂടെ ചോദ്യം ചെയ്യുന്നത് ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് കേവലം യാത്രാരേഖ മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാഖ്യാനം സര്‍വത്ര പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൗരത്വം സംബന്ധിച്ച് ജനങ്ങളെ ഉല്‍ബുദ്ധരാക്കുന്നതിന് പാര്‍ട്ടി കാമ്പയിനില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Scroll to Top