മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുപ്പിച്ച് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ദ്ദേശം

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ക്കെതിരായ കേസുകളില്‍ കുറ്റപത്രം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്നും കോടതി നിരീക്ഷിച്ചു. 17 കേസുകളില്‍ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളില്‍ ഏകീകരിച്ച് കുറ്റപത്രം നല്‍കാനാണ് ശ്രമമെന്നും വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനാണ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എം എന്‍ സോമന്‍ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ചെറുകിട സംരഭങ്ങള്‍ തുടങ്ങാന്‍ നബാര്‍ഡ് പിന്നാക്ക വികസന കോര്‍പ്പേറേഷന്‍ വഴി നല്‍കിയ ഗ്രാന്റ് അമിത പലിശ ഈടാക്കി സര്‍ക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.

നേരത്തെ കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ അദ്ധ്യക്ഷനായ ബെഞ്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

Scroll to Top