വനംവകുപ്പിന്റെ സഹജീവനം ജനസേവന അദാലത്ത്: 77 പരാതികള്‍ തീര്‍പ്പാക്കി 7.80 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

ചുവപ്പുനാടയില്‍ കുരങ്ങാതെ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ അദാലത്തുകള്‍ക്ക് കഴിയുന്നുവെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ. ഉദയഗിരി വനശ്രീ കോംപ്ലക്സില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തുന്ന വനംവകുപ്പിന്റെ സഹജീവനം ജില്ലാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. അദാലത്തില്‍ 77 പരാതികള്‍ തീര്‍പ്പാക്കി. 7.80 ലക്ഷം രൂപ മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുകയായി വിതരണം ചെയ്തു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനും കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നീണ്ടുപോകാതെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വനാതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിന് എത്രയും വേഗം എന്‍.ഒ.സി നല്‍കാനും ഇത്തരം അദാലത്തുകള്‍ സഹായകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തില്‍ കടന്നല്‍ ആക്രമണത്തില്‍ മരണപ്പെട്ട കെ.പി കുമാരന്റെ കുടുംബാംഗമായ ജിഷ്ണുവിന് നഷ്ടപരിഹാരത്തുക നല്‍കി വന്യ ജീവി സംഘര്‍ഷത്തില്‍ മരണം, പരിക്ക്, കൃഷിനാശം തുടങ്ങിയവ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. 2026 ഉത്തരമേഖല വനം കായിക മേളയില്‍ കാസര്‍കോട് ഡിവിഷനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച വനംവകുപ്പ് ജീവനക്കാരെയും വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.ടി സേനാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

വന്യജീവി സംഘര്‍ഷം, നഷ്ടപരിഹാരം, നിയമസഹായം എന്നീ വിഷയത്തില്‍ അഡ്വക്കേറ്റ് കൃപേഷ് കാടകം വിഷയാവതരണം നടത്തി. അദാലത്തില്‍ മൂന്ന് കര്‍മ്മ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സവിശേഷദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ വനംവകുപ്പിന് മാത്രമല്ല സംസ്ഥാനത്തിന് മുഴുവന്‍ വന്യജീവി സംഘര്‍ഷത്തില്‍ ഉത്തരവാദിത്തമുണ്ട്.ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡിവിഷന് കീഴില്‍ 36 കിലോമീറ്റര്‍ സോളാര്‍ വേലിയുടെ പ്രവര്‍ത്തി എസ്റ്റിമേറ്റ് പാസാക്കി ടെന്‍ഡര്‍ ചെയ്തു. വനത്തിന് കുറുകയുള്ള റോഡുകളില്‍ വന്യജീവികള്‍ കുറുക്കുചാടി അപകടം സംഭവിക്കുന്നത് തടയാന്‍ വിസ്ത ക്ലിയറന്‍സ് എന്ന പദ്ധതി പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാകാത്തത് മൂലം മാറ്റിവെച്ച 77 കേസുകളാണ് ഇന്ന് തീര്‍പ്പാക്കിയത്. ചടങ്ങില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി.എസ് ഷാന്‍ബോഗ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി ഷഫീഖ്, മധൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ബി അനില്‍കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ബി ഉദയസൂര്യന്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു സ്വാഗതവും കാസര്‍കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Scroll to Top