കര്‍ക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

കര്‍ക്കിടക വാവുബലി തര്‍പ്പണത്തോടനുബന്ധിച്ച് പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍ പുറപ്പെടുവിച്ച് അഗ്‌നിശമനസേന. നാളെയാണ് കര്‍ക്കിടക വാവുബലി. തിരുവനന്തപുരത്ത് ശങ്കുമുഖം,വര്‍ക്കല, തിരുവല്ലം എന്നീ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി സിപി ജോണ്‍ പറഞ്ഞു. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാല്‍ പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് നിര്‍ദേശം.

പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍

ജലാശയങ്ങളിലെ സുരക്ഷ

ഫയര്‍ഫോഴ്സ്, പൊലീസ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കുക.

ആരോഗ്യവും യാത്രാ സുരക്ഷയും

ബലിമണ്ഡപങ്ങളിലെ അമിതമായ തിരക്കില്‍ പെടാതെ വരിയായി മാത്രം നീങ്ങുക. സുരക്ഷാ ബാരിക്കേഡുകള്‍ അല്ലെകില്‍ കയറുകള്‍ മറികടന്ന് മുന്നോട്ട് പോകരുത്.

പരിചിതമല്ലാത്തതോ ആഴമുള്ളതോ ആയ ഭാഗങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.

കുട്ടികളെ യാതൊരു കാരണവശാലും വെള്ളത്തിനടുത്തേക്ക് ഒറ്റയ്ക്ക് വിടരുത്. അവരുടെ കൈകള്‍ എപ്പോഴും പിടിക്കുക.

വയോധികര്‍, ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക.

ശക്തമായ അടിയൊഴുക്കും തിരമാലകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.

ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, നിര്‍ജ്ജലീകരണം ഒഴിവാക്കുക.

അതേസമയം, കര്‍ക്കിടക വാവുബലി തര്‍പ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാത്രി 10 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെയാണ് നിയന്ത്രണം. തിരുവല്ലം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാവുബലി തര്‍പ്പണത്തിനായി വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

വാവുബലി ദിവസത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്ര മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Scroll to Top