പ്രജ്വല്‍ രേവണ്ണയ്ക്ക് വിവിഐപി സൗകര്യങ്ങള്‍; ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി

ബെംഗളൂരു: പീഡനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ വിവിഐപി സൗകര്യങ്ങള്‍. രേവണ്ണയുടെ മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. പ്രജ്വലിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

ബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പ്രജ്വല്‍ രേവണ്ണ. ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. കര്‍ണാടകയിലെ ശക്തമായ രാഷ്ട്രീയ കുടുംബത്തിലെ അംഗമെന്ന പരിഗണന കൊടും കുറ്റവാളിയായ പ്രജ്വലിന് ജയിലിനുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ട്. കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് സെല്ലിനകത്ത് ഫോണും ചാര്‍ജറും അടക്കം കണ്ടെത്തിയത്.

പിന്നാലെ, ജയില്‍ സൂപ്രണ്ടിനെ ജയില്‍ ഡിജിപി സസ്പെന്‍ഡ് ചെയ്തു. പ്രജ്വല്‍ ഒന്നാം പ്രതിയും സഹതടവുകാരന്‍ രണ്ടാം പ്രതിയുമായി പൊലീസ് കേസെടുത്തു. ആരാണ് ഫോണ്‍ എത്തിച്ച് നല്‍കിയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എച്ച് ഡി ദേവഗൌഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. ഫാം ഹൗസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷിക്കപ്പെട്ടത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലും കുറ്റക്കാരനാണ്.

Scroll to Top