പിതാവിന്റെ വിയോഗത്തില്‍ അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സിക്ക് ആശ്വാസ വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താങ്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്നു. കൂടുതല്‍ കരുത്തോടെ ഇരിക്കുക എന്നാണ് റൊണാള്‍ഡോയുടെ കമന്റ്. പിതാവിനെ കുറിച്ചുള്ള മെസ്സിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിന് താഴെയാണ് റൊണാള്‍ഡോയുടെ കമന്റ്. റൊണാള്‍ഡോയ്ക്ക് പുറമേ നെയ്മാര്‍ ജൂനിയറും അര്‍ജന്റൈന്‍ താരങ്ങളും കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, വിരമിക്കല്‍ സൂചനകളും പോസ്റ്റില്‍ മെസ്സി നല്‍കുന്നുണ്ട്. പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.
ഫൈനലില്‍ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ ശാരീരികമായി തളര്‍ന്നുപോയതിനാല്‍ അതിന് സാധിച്ചില്ലെന്നും മെസ്സിപറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാന്‍ നിങ്ങള്‍ നിരന്തരം എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിങ്ങളുടെ ആരോഗ്യനില വല്ലാതെ വഷളായത്. നിങ്ങള്‍ ഇല്ലായിരുന്ന ആദ്യത്തെ ടൂര്‍ണമെന്റ്. നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുക്കുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. നമ്മള്‍ ഫൈനലിലെത്തുമെന്ന് ഞാനും നിങ്ങളോട് പറഞ്ഞിരുന്നു. ഓരോ തവണയും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ സന്ദേശത്തിനായി കാത്തിരിരുന്നു. എന്നാല്‍ അതുണ്ടായില്ല. അപ്പോഴാണ് സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസിലായത്. ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ നിങ്ങള്‍ അവിടെയുണ്ടായില്ല. നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. എനിക്കതിന് കഴിഞ്ഞില്ല. എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയിരുന്നു, ടൂര്‍ണമെന്റിലുടനീളം എനിക്ക് സുഖം തോന്നിയിരുന്നില്ല – മെസി കുറിച്ചു.




