ബേക്കല്‍: മാലിന്യത്തിനിടയില്‍ കണ്ടുകിട്ടിയ രണ്ട് പവന്‍ സ്വര്‍ണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നല്‍കി ഹരിതകര്‍മ സേനാംഗങ്ങള്‍ മാതൃകയായി. പള്ളിക്കര പഞ്ചായത്ത് 10, 11 വാര്‍ഡുകളിലെ ഹരിതകര്‍മ സേനാംഗങ്ങളായ കമല എന്‍.യും മമതയുമാണ് സത്യസന്ധതയുടെ മാതൃകയായത്.
പൊയിനാച്ചി പറമ്പിലെ കൃഷ്ണന്റെ വീട്ടില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സ്വര്‍ണവും പണവും ലഭിച്ചത്. ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെ പഴകിയ ഒരു ചെറിയ സഞ്ചി ശ്രദ്ധയില്‍പ്പെട്ടു. സഞ്ചി തുറന്ന് പരിശോധിച്ചപ്പോഴാണ് കടലാസില്‍ പൊതിഞ്ഞ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയും മറ്റൊരു കടലാസില്‍ പൊതിഞ്ഞ നിലയില്‍ പണവും കണ്ടെത്തിയത്.
കൃഷ്ണന്റെ ഭാര്യ ജാനകി അടുത്തിടെ മരിച്ചിരുന്നു. ജാനകി ഉപയോഗിച്ചിരുന്ന സഞ്ചിയില്‍ ചീര്‍പ്പ്, പൗഡര്‍ തുടങ്ങിയ സാധനങ്ങളുണ്ടായിരുന്നു. ഇത് മാലിന്യക്കൂട്ടത്തിലേക്ക് മാറ്റിയതായിരുന്നു. സഞ്ചി പരിശോധിച്ചില്ലായിരുന്നെങ്കില്‍ വിലപിടിപ്പുള്ള സ്വര്‍ണവും പണവും മാലിന്യത്തോടൊപ്പം നഷ്ടപ്പെടുമായിരുന്നു.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടെത്തിയ സ്വര്‍ണവും പണവും ഹരിതകര്‍മ സേനാംഗങ്ങള്‍ ഉടന്‍ തന്നെ ഗൃഹനാഥനായ കൃഷ്ണന് കൈമാറി. ഹരിതകര്‍മ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്കും മനുഷ്യത്വത്തിനും കൃഷ്ണനും കുടുംബവും നന്ദി അറിയിച്ചു.
മാലിന്യശേഖരണത്തിനപ്പുറം സമൂഹത്തോടുള്ള ഉത്തരവാദിത്വവും കാത്തുസൂക്ഷിച്ച ഹരിതകര്‍മ സേനാംഗങ്ങളുടെ നടപടി നാട്ടിലും ശ്രദ്ധേയമായി.




