വസ്തുതകള്‍ വളച്ചൊടിച്ച് കുമ്പള ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത് -അഷ്‌റഫ് കര്‍ള

?കുമ്പള: കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പോലീസ് എടുത്ത നിയമനടപടികളെ ‘കള്ളക്കേസ്’ എന്ന് ചിത്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധവും രാഷ്ട്രീയ ലാക്കോടെയുള്ളതുമാണെന്ന് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ അഷ്‌റഫ് കര്‍ള പ്രസ്താവനയില്‍ വ്യക്തമാക്കി.

?ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇല്ലാതാവുകയും, പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളും ഭീഷണികളും കാരണം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ് അധികൃതരും ജീവനക്കാരും ചേര്‍ന്ന് നിയമപരമായ സംരക്ഷണം തേടി പോലീസില്‍ പരാതി നല്‍കിയത്.

നിര്‍ഭയമായി ജോലി ചെയ്യാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കാനും, രോഗികള്‍ക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനുമാണ് ഈ നടപടിയിലൂടെ ശ്രമിച്ചത്.
?എന്നാല്‍, ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളെ കള്ളക്കേസെന്ന് അപലാപിച്ച് മാര്‍ച്ചുകളും വ്യാജപ്രചാരണങ്ങളും നടത്തുന്നത് പൊതുജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണ്.

ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ ആശുപത്രിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.
?സാധാരണക്കാരും പാവപ്പെട്ടവരുമായ നൂറുകണക്കിന് രോഗികള്‍ ദിവസേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തെ തകര്‍ക്കാനും മോശമായി ചിത്രീകരിക്കാനും നടത്തുന്ന നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നേതാക്കളും പിന്മാറണം.

രാഷ്ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച്, ആശുപത്രിയുടെ വികസനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് പിന്തുണ നല്‍കാനും, മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അഷ്‌റഫ് കര്‍ള പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Scroll to Top