സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എന്‍എസ്എസ് യൂണിയന്‍

സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ കെ ബി ഗണേഷ് കുമാറിനെതിരെ എന്‍ എസ് എസ്. ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യോഗം ചേരും. ശക്തമായ നടപടി വേണമെന്നും കൊട്ടാരക്കര NSS താലൂക്ക് യൂണിയന്‍ ആവശ്യപ്പെട്ടു.

എന്‍ എസ് എസ് സംഘടനയേയും ജനറല്‍ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും കൊണ്ട് സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് കൊട്ടാരക്കര യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗണേഷിന്റെ നടപടിയില്‍ കരയോഗ തലങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആഗസ്റ്റ് 15 ന് കൂടുന്ന യൂണിയന്‍ പൊതുയോഗത്തില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി തങ്കപ്പന്‍ പിള്ളയും സെക്രട്ടറി സി അനില്‍കുമാറും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

എന്‍ എസ് എസ് വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്ന് തുടര്‍ച്ചയായ വിമര്‍ശനങ്ങളുമായി ഗണേഷ് രംഗത്തെത്തിയിരുന്നു. ഏകാധിപത്യപരവും ജനാധിപത്യ വിരുദ്ധവും സ്വജനപക്ഷപാതപരവുമായ നിലയില്‍ എന്‍ എസ് എസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല എന്ന് ജനറല്‍ സെക്രട്ടറിയോട് തന്നെ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും അന്നും ഇന്നും എന്നും പറയാനുള്ളത് പറഞ്ഞാണ് ശീലമെന്നും ഗണേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Scroll to Top