പരപ്പ ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല അവലോകനയോഗം ചേര്‍ന്നു

പരപ്പ ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല അവലോകനയോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഗര്‍ഭിണികള്‍ക്ക് ഐ.സി.ഡി.എസ് വഴി പോഷകാഹാരം വിതരണം ചെയ്യുന്നതില്‍ ജൂലൈ മാസം 100 ശതമാനം വിജയം കൈവരിച്ചു. ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പോഷകാഹാര വിതരണം 99.05 ശതമാനം നേട്ടം കൈവരിച്ചു. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ് എന്നിവയ്ക്കുള്ള നിര്‍ണയ ടെസ്റ്റുകള്‍ കൂട്ടാനും ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും തീരുമാനമായി. ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ ശ്രമങ്ങള്‍ നടത്തും.

നിലവില്‍ പരപ്പ ബ്ലോക്കിലെ 60 സ്ഥാപനങ്ങളില്‍ 9 എണ്ണം ഗുണനിലവാര പരിശോധനയില്‍ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ പെട്ടിട്ടുണ്ട് എന്നാല്‍ ബാക്കിയുള്ളവയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളും തുടരും. ആയുഷ് ആരോഗ്യ മന്ദിറുകളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും സിവില്‍ വര്‍ക്കുകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.ഇതിനായി ഒരു ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിട്ടുണ്ടായിരുന്നു. പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ലത, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ടി രേഖ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ റിജു മാത്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Scroll to Top