ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. നാലുവര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്ന ഹൈദരാബാദിന്റെയും ലക്ഷ്യം അവസാന മത്സരത്തിലെ ആശ്വാസജയം. ബ്ലാസ്റ്റേഴ്സ് പതിനൊന്ന് കളിയിലും ഹൈദരാബാദ് പതിനാല് കളിയിലുമാണ് സീസണില്‍ തോറ്റത്.
ഹൈദരാബാദ് നാല് കളിയില്‍ മാത്രം ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ഇരട്ടിമത്സരങ്ങളില്‍ ജയിക്കാനായി. ഇരുടീമിനും സീസണില്‍ തിരിച്ചടിയായത് പ്രതിരോധനിരയുടെ മോശം പ്രകടനം. 23 കളിയില്‍ ബ്ലാസ്റ്റേഴ്സ് മുപ്പത്തിയാറും ഹൈദരാബാദ് നാല്‍പ്പത്തിയാറും ഗോളാണ് വഴങ്ങിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍വഴങ്ങിയ ടീമും ഹൈദരാബാദ്. ബ്ലാസ്റ്റേഴ്സ് 32 ഗോള്‍ നേടിയപ്പോള്‍ ഹൈദരാബാദിന് എതിരാളികളുടെ വലയില്‍ പന്തെത്തിക്കാനായത് 21 തവണമാത്രം. എന്നിട്ടും കൊച്ചിയിലെ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവസാന ലീഗ് മത്സരത്തിന്, എതിരാളി ഹൈദരാബാദ്
25