വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഐഎം. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയതോതിലുളള അഴിച്ചുപണിക്ക് സാധ്യത. സെപ്റ്റംബര്‍ 2,3 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് കരട് റിപ്പോര്‍ട്ട് തയാറാക്കും. 7,8 തീയതികളിലായി നടക്കുന്ന സംസ്ഥാന സമിതി റിപ്പോര്‍ട്ടിന്
അന്തിമ രൂപം നല്‍കും.
വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കോഴിക്കോടാണ് സിപിഐഎം വിശാല സംസ്ഥാന സമിതി ചേരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫും സിപിഐഎമ്മും നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിച്ച് എങ്ങനെ മുന്നോട്ടു പോകാമെന്നാണ് ചര്‍ച്ച ചെയ്യുക. സംഘടനാ തലത്തില്‍ അഴിച്ചുപണി വേണ്ടതാണെങ്കിലും സംസ്ഥാന നേതൃത്വത്തിന് ഇതിന് താത്പര്യമില്ലെന്നാണ് സൂചന.
അതിനിടെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വീട്ടുവീഴ്ച വേണ്ടെന്ന് ഉറച്ച് സിപിഐ. തീരുമാനമാകുംവരെ എല്‍.ഡി.എഫിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. ഉപനേതൃസ്ഥാനത്തില്‍ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. തിങ്കളാഴ്ച നാല് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് നേതൃയോഗത്തില്‍ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.




