ദുരന്തബാധിതര്‍ക്ക് ജോലി നല്‍കുന്നതിനെ എന്തിന് എതിര്‍ക്കണം? വിജയ് സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തങ്ങളില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘ഒരു ദുരന്തമുണ്ടാകുകയും ആളുകള്‍ മരിക്കുകയും ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനും നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചാല്‍, ജോലി നല്‍കരുത് എന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിന്റെ ആശ്രയമായിരുന്ന ആള്‍ ദുരന്തത്തില്‍ മരിച്ചാല്‍, മകനോ മകള്‍ക്കോ ജോലി നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ?’ എന്നാണ് കോടതി ചോദിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും ആവശ്യത്തിന് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിയ ടിവികെ, പൊലീസ് വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചു.

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍, അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. ജൂലൈ ആദ്യവാരത്തില്‍ മുഖ്യമന്ത്രി വിജയ് 32 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ പുനരധിവാസ നടപടികളുടെ ഭാഗമായാണ് ഈ നിയമനം നല്‍കിയത്.

ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 16 (പൊതു നിയമനങ്ങളിലെ തുല്യാവസരം) എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈ 27-ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരമൊരു നടപടി സമാനമായ മറ്റ് ദുരന്തങ്ങളിലും ജോലി ആവശ്യപ്പെടാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ആശ്രിത നിയമനത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിരവധി പേരുടെ അവകാശങ്ങളെ തള്ളിക്കളഞ്ഞ് ഇത്തരം നിയമനങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍, ജസ്റ്റിസ് ആര്‍ ശക്തിവേല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് വിജയ് സര്‍ക്കാരിനെയും കരൂര്‍ ദുരന്തത്തിന്റെ ഇരകളെയും സംബന്ധിച്ച് ആശ്വാസമായിരിക്കുകയാണ്.

Scroll to Top