അനുശോചന വേദികളെ അസത്യപ്രചാരണത്തിനുള്ള വേദിയാക്കരുത്:എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറിയേറ്റ്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ആലിക്കുട്ടി ഉസ്താദിന്റെ വിയോഗത്തെ തുടര്‍ന്ന് സംഘടിപ്പിക്കുന്ന അനുശോചന യോഗങ്ങളെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
മരണപ്പെട്ട മഹാനായ പണ്ഡിതനെ അനുസ്മരിക്കേണ്ട വേദിയില്‍ അദ്ദേഹത്തിന്റെ പേരും സ്ഥാനവും ഉപയോഗപ്പെടുത്തി സമസ്തയുടെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും സംഘടനാ നേതൃത്വത്തിനെതിരെ അസത്യപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് അനുശോചനത്തിന്റെ അടിസ്ഥാന മര്യാദകള്‍ക്ക് വിരുദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് മാന്യമായ ഭാഷയിലും സംഘടനാ സംവിധാനത്തിനകത്തും ഉന്നയിക്കുകയാണ് വേണ്ടതെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
സമസ്തയുടെ തീരുമാനങ്ങള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ലെന്നും ഉത്തരവാദപ്പെട്ട നേതൃത്വത്തിന്റെ ആലോചനയുടെയും സംഘടനാ സംവിധാനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. തീരുമാനങ്ങളോട് വിയോജിക്കുന്നതിന്റെ പേരില്‍ പണ്ഡിത നേതൃത്വത്തെ നിന്ദിക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
സമസ്ത ജനറല്‍ സെക്രട്ടറി, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി എന്നീ നിലകളില്‍ ആലിക്കുട്ടി ഉസ്താദ് സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ ആദരവോടെ അനുസ്മരിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സംഘടിപ്പിക്കുന്ന അനുശോചന യോഗങ്ങള്‍ പ്രാര്‍ത്ഥനയുടെയും ആദരവിന്റെയും സത്യസന്ധമായ അനുസ്മരണത്തിന്റെയും വേദികളായിരിക്കണമെന്നും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും സംഘടനാവിരുദ്ധ പ്രചാരണങ്ങള്‍ക്കും അവ ഉപയോഗപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഇമാം ഗസ്സാലി എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ ഉദ്ഘാടനം ചെയ്തു. അടുത്തിടെ മരണപ്പെട്ട സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഹസന്‍ ഉളുവാര്‍, പ്രവാസ ലോകത്തെ സമസ്ത പ്രവര്‍ത്തകന്‍ ഹമീദിന്റെ മാതാവ് ആയിഷ എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങള്‍ അല്‍ മശ്ഹൂര്‍ നേതൃത്വം നല്‍കി.
.’സ്‌നേഹപൂര്‍വ്വം സുപ്രഭാതം’ പദ്ധതി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്നതിന് ശാഖാ-മേഖലാ നേതാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിം അസ്ഹരി പള്ളംങ്കോട് വിശദീകരിച്ചു.
നാളെ മുതല്‍ ആരംഭിക്കുന്ന
എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കൂടുതല്‍ വിപുലമായി നടത്താനും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രഖ്യാപനം ആഗസ്റ്റ് 17ന് കോഴിക്കോട് ഖാളി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിക്കും. ആലിക്കുട്ടി ഉസ്താദ് അനുസ്മരണം ആഗസ്റ്റ് അവസാന വാരം നടത്താനും തീരുമാനിച്ചു. പരിപാടിയുടെ ഏകോപന ചുമതല സയ്യിദ് ഹംദുല്ല തങ്ങളെ ഏല്‍പ്പിച്ചു. ഒക്ടോബര്‍ അവസാന വാരം ജില്ല കൗണ്‍സില്‍ അനുയോജ്യമായ സ്ഥലത്ത് നടത്താന്‍ തീരുമാനിച്ചു .
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, റാഷിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഇല്യാസ് ഹുദവി, ഉസാം പള്ളങ്കോട്, റാസിഖ് ഹുദവി പേരാല്‍, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതവും ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി നന്ദിയും പറഞ്ഞു.

Scroll to Top