മൈക്രോഫിനാന്‍സ് തട്ടിപ്പ്; ഒരു കേസിലും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

വെള്ളാപ്പള്ളി നടേശന്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി മറുപടി നല്‍കിയത്. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍പ്പള്ളി, റാന്നി കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ് പി അറിയിച്ചു.
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ഒരു കേസിലും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരന്‍ ഹൈക്കോടതിയില്‍. വെള്ളാപ്പള്ളി നടേശന്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി മറുപടി നല്‍കിയത്. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുല്‍പ്പള്ളി, റാന്നി കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ് പി അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമായാല്‍ കുറ്റപത്രം നല്‍കുമെന്നുമായിരുന്നു വിശദീകരണം. പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ സെപ്റ്റംബറില്‍ തന്നെ പരിഗണിക്കാന്‍ പിന്നോക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

Scroll to Top