കര്‍ണാടകയില്‍ വനംവകുപ്പിന്റെ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, രോഷാകുലരായ നാട്ടുകാര്‍ ഓഫീസ് അടിച്ചുതകര്‍ത്തു; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവര്‍ വേട്ടക്കാരാണെന്ന് വനംവകുപ്പ് പറയുമ്പോള്‍, നാട്ടുകാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു
ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാടിനുള്ളില്‍ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ ഇത് തള്ളി. വെടിവയ്പ്പ് വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്നു. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Scroll to Top