റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വെള്ളം കുടിക്കാറുണ്ടോ ? പാലക്കാട്, കോയമ്പത്തൂര്‍ ഉള്‍പ്പെടെ 8 ഇടങ്ങളില്‍ ഇ.കോളി ബാക്ടീരിയ

റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി

റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തി. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട്, കോയമ്പത്തൂര്‍ ഉള്‍പ്പെടെ എട്ട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ള സൗകര്യങ്ങളിലും ശുചിത്വ സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി CAG അറിയിച്ചു. ഓഗസ്റ്റ് 12-ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നോണ്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും ശുചിത്വവും സംബന്ധിച്ച CAG റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാല് റെയില്‍വേ സോണുകളിലെ എട്ട് സ്റ്റേഷനുകളില്‍ വാട്ടര്‍ കൂളറുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളുകളിലാണ് ഇ കോളി ബാക്ടീരിയ കണ്ടെത്തിയത്. സതേണ്‍ റെയില്‍വേയിലെ കോയമ്പത്തൂര്‍, പാലക്കാട് ജംഗ്ഷന്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഹൈദരാബാദ്, സെന്‍ട്രല്‍ റെയില്‍വേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ഭീവണ്ടി റോഡ്, കല്യാണ്‍, ലോണാവള, ഈസ്റ്റേണ്‍ റെയില്‍വേയിലെ മധുപുര്‍ എന്നിവിടങ്ങളിലാണ് കുടിവെള്ളത്തില്‍ ഇ കോളി സാന്നിധ്യം വ്യക്തമായത്.

Scroll to Top