ശിവസൂര്യയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

കണ്ണൂര്‍: ചൊക്ലിയിലെ 17കാരന്‍ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്. ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബംഗളൂരുവിലേക്കും പോകും.

മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ നാടുവിട്ട ശിവസൂര്യ എവിടെയെന്നതില്‍ 10-ാം ദിവസവും ഉത്തരമില്ലാതെ പൊലീസും വീട്ടുകാരും നാട്ടുകാരും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരന്‍ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേര്‍ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്‌കൂള്‍ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയല്‍വാസികളുടെ പ്രതികരണം. എന്നാല്‍ ജംഗ്ഷനിലുള്ള ഒരു സിസിടിവിയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരുവില്‍ പോയേക്കാം എന്നൊരു സംശയം വീട്ടുകാര്‍ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മൈസൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചില്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്‌ഐടിക്ക് കൈമാറിയത്. തലശ്ശേരി എഎസ്പിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം.

Scroll to Top