വിജയ് സര്‍ക്കാരിന്റെ 100 ദിവസം

പ്രതിപക്ഷത്തെ ദുര്‍ബലമാക്കി മുന്നോട്ട്, കരുത്തായി വിജയ്‌യുടെ സ്വീകാര്യത, അഴിമതി വിരുദ്ധ നിലപാടും നേട്ടം

മന്ത്രിസഭയില്‍ ദളിതര്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള സോഷ്യല്‍ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളില്‍, കൈക്കൂലി നല്‍കാതെയും സര്‍ക്കാര്‍ ഫയലുകള്‍ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാര്‍ക്ക് നല്‍കുന്ന മുഖ്യമന്ത്രി.
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ ഇന്ന് 100 ദിവസം പൂര്‍ത്തിയാക്കുകയാണ്. വിജയ്ക്കുള്ള സ്വീകാര്യതയും അഴിമതിക്കെതിരായ നിലപാടുമാണ് സര്‍ക്കാരിന്റെ കരുത്ത്. പ്രതിപക്ഷത്തെ ദുര്‍ബലമാക്കിയതും ടിവികെയ്ക്ക് നേട്ടമായി. എന്നാല്‍ റീലില്‍ ഒതുങ്ങുന്ന സര്‍ക്കാരെന്നാണ് ഡിഎംകെ ആക്ഷേപം. സത്യപ്രതിജ്ഞാ ചടങ്ങും സിനിമാറ്റിക് മൊമന്റ് ആക്കി തുടക്കം. തമിഴ്‌നാട്ടില്‍ ആദ്യമായി സഖ്യകക്ഷികള്‍ക്കും സര്‍ക്കാരില്‍ ഇടം, രാഷ്ട്രീയ എതിരാളികളുടെ

വീടുകളിലെത്തിയുളള ഹൃദ്യമായ കാഴ്ചകള്‍. മന്ത്രിസഭയില്‍ ദളിതര്‍ക്കും പ്രാമുഖ്യം നല്‍കിയുള്ള സോഷ്യല്‍ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളില്‍, കൈക്കൂലി നല്‍കാതെയും സര്‍ക്കാര്‍ ഫയലുകള്‍ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാര്‍ക്ക് നല്‍കുന്ന മുഖ്യമന്ത്രി.

നിയമസഭയിലും അറിയാം വിജയ് സര്‍ക്കാര്‍ വന്നതിലെ മാറ്റം. സുതാര്യത ഉറപ്പിക്കാന്‍ സഭാ നടപടികള്‍ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ വീട്ടമ്മാരും ജെന്‍സിയുമെല്ലാം വാര്‍ത്താ ചാനലുകളുടെ സ്ഥിരം പ്രേക്ഷകരായി. മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ശുദ്ധികലശവും സ്ത്രീസുരക്ഷയ്ക്കായുള്ള സിംഗപ്പെണ്‍ ദൗത്യസേനയും നിക്ഷേപസംഗമത്തിലെ ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളും സ്ത്രീകള്‍ക്കായുള്ള ക്ഷേമപ്രഖ്യാപനങ്ങളും കയ്യടി നേടി. എന്നാല്‍ ഡിഎംകെ സഖ്യത്തെ പിളര്‍ത്തി,

പ്രധാന ഘടകകക്ഷികളെയെല്ലാം സ്വന്തം പാളയത്തിലേക്ക് എത്തിച്ചതാകും വിജയ് യുടെ ഏറ്റവും വലിയ രാഷ്ട്രീയവിജയം. മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രധാന ദൗര്‍ബല്യം. പുതുമുഖങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എക്‌സൈസ്, ദേവസ്വം വകുപ്പ് മന്ത്രിമാര്‍ മാത്രം. എഐഎഡിഎംകെ എംഎല്‍എമാരെ രാജിവയ്പ്പിച്ചതും സി.വിജയഭാസ്‌കര്‍ പോലുള്ള അഴിമതിക്കാരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചതും സംശയങ്ങള്‍ക്കിട നല്‍കി. ബിജെപിയെ പിണക്കി കേന്ദ്രഫണ്ട് കളയാനില്ലെന്ന നയത്തില്‍ നിറയേ ആശയക്കുഴപ്പം. മുന്‍ സര്‍ക്കാരിലെ പദ്ധതികളുടെ പേരുമാറ്റം അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷവിമര്‍ശനം. വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 7 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാകും ടിവികെ സര്‍ക്കാരിന്റെ ആദ്യ അഗ്‌നിപരീക്ഷ.

Scroll to Top