കാസര്‍കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരി അബദ്ധത്തില്‍ മറന്നുവച്ച 63,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി ക്ലീനിങ് ജീവനക്കാരി മാതൃകയായി. ബാഗ് കണ്ടെത്തിയ സ്റ്റേഷനിലെ ക്ലീനിങ് ജീവനക്കാരിയായ സജിനിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവുമാണ് സമൂഹത്തിന് മാതൃകയായത്. റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ ജോലിക്കിടെ സജിനിക്ക് ബാഗ് ലഭിക്കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വലിയൊരു തുക ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ ബാഗിലുണ്ടെന്ന് മനസ്സിലായി. എന്നാല്‍ ഇവ സ്വന്തം കൈവശം സൂക്ഷിക്കാതെ യാതൊരു സ്വാര്‍ഥ താല്‍പര്യവും കൂടാതെ ഉടന്‍ തന്നെ അവര്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.
ബാഗ് ഏറ്റുവാങ്ങിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആവശ്യമായ പരിശോധനകളും അന്വേഷണങ്ങളും നടത്തി ഉടമയെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ബാഗിന്റെ ഉടമ തളങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദുവാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാഗും അതിലുണ്ടായിരുന്ന 63,000 രൂപയും മറ്റ് സാധനങ്ങളും സുരക്ഷിതമായി യഥാര്‍ഥ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചു.
63,000 രൂപയടങ്ങിയ ബാഗ് തിരികെ നല്‍കി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലീനിങ് ജീവനക്കാരി




