ബ്ലീച്ചിങ് പൗഡര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പ് തുടര്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. അംഗീകരിക്കാന്‍ കഴിയാത്ത റിപ്പോര്‍ട്ട് ആണ് ലഭിച്ചത്. അതുകൊണ്ടാണ് അന്വേഷണം വിജിലന്‍സിനു കൈമാറിയതെന്നും മന്ത്രി പറഞ്ഞു. KMSCL 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടെന്‍ഡറുകളില്‍ ക്രമക്കേട് ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആണ് ബ്ലീച്ചിങ് പൗഡര്‍ ഇടപാട് നടന്നത്.മാര്‍ച്ച് 11നും മേയ് ആറിനും ഇടയില്‍ നടന്ന ബ്ലീച്ചിംഗ് പൗഡര്‍ പര്‍ച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരന്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്.
കെ.എം.എസ്.സി.എല്‍ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങള്‍, ബാധകമായ ചട്ടങ്ങളും ടെന്‍ഡര്‍ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സര്‍ക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.




