ടെഹ്റാന്‍: കഴിഞ്ഞ രാത്രിയിലെ ആക്രമണത്തില്‍ യുഎഇ നിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവുമായി ഇറാന്‍. മിസൈല്‍ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര – വാണിജ്യ – സാമ്പത്തിക ഇടപാടുകള്‍ യുഎഇ നിര്‍ത്തി. ഹോര്‍മുസിലെ അനിശ്ചിതത്വം നീളുന്നത് കാരണം ക്രൂഡോയില്‍ വില ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചര്‍ച്ചകളില്‍ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേല്‍ സാമ്പത്തിക സമ്മര്‍ദം കൂട്ടാനും ചര്‍ച്ചകള്‍ നിര്‍ത്തി വെക്കാനുമാണ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ പന്ത്രണ്ടിന് ശേഷമുള്ള ആദ്യ ആക്രമണ ശ്രമമാണ് ഇന്നലെ യുഎഇയിലേക്കുണ്ടായത്. നാവിക ഗതാഗത സംവിദാനങ്ങളെ ലക്ഷ്യം വെച്ചെത്തിയ രണ്ട് മിസൈലുകള്‍ തകര്‍ത്തു. ഇറാനുമായി എല്ലാ വ്യാപാര – വാണിജ്യ – സാമ്പത്തിക വിനിമയങ്ങളും നിര്‍ത്തിവെച്ചതായി യുഎഇ അറിയിച്ചു. ആക്രമണം തങ്ങള്‍ നടത്തിയതല്ലെന്ന് ഇറാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഇസ്രയേല്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കല്‍ ആക്രമണം ആകാമെന്നാണ് വാദം. ഹോര്‍മുസില്‍ തീരുമാനം നീളുന്നതാണ് ലോകത്തെ സമ്മര്‍ദത്തിലാക്കുന്നത്. ഇന്നലെ യുഎഇക്ക് നേരെ ആക്രമണ ശ്രമം കൂടിയായതോടെ എണ്ണവില കുത്തനെ കൂടി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഹോര്‍മുസ് തുറക്കുന്നതില്‍ ഇറാന്റെ ഉപാധികള്‍ അമേരിക്ക അംഗീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇറാന്‍.
ഹോര്‍മുസില്‍ ഇറാനും ഒമാനും ചേര്‍ന്ന് തീരുമാനം എടുത്തിട്ടും പ്രഖ്യാപിക്കാതെ ആഴ്ച്ചകളായി നീട്ടുകയാണ്. ഇറാന് മേല്‍ ഒരേ സമയം സാമ്പത്തിക സമ്മര്‍ദം കൂട്ടാനും സൈനിക നടപടി സാധ്യതകള്‍ നിലനിര്‍ത്താനുമാണ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ്, ഗത്യന്തരമില്ലാതെ ഇറാന്‍ സ്വമേധയാ ചര്‍ച്ചകളിലേക്കെത്താനായി, പുതിയ നിര്‍ദേശം വരുന്നത് വരെ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കേണ്ടെന്ന് ട്രംപ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മേഖലയില്‍ ഇനി അമേരിക്കയില്ലാതെ പുതിയ ക്രമമാണ് വരാന്‍ പോകുന്നതെന്നും അതില്‍ പ്രധാന റോള്‍ ഇറാനായിരിക്കുമെന്നും അവകാശപ്പെടുകയാണ് ഇറാന്‍.




