ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ ഉന്നയിച്ചു. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതലുള്ള അഴിമതിപ്പണം വെളുപ്പിക്കാന്‍ വീണയുടെ കമ്പനികള്‍ ഉപയോഗിച്ചെന്നും, ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ആരോപിച്ചു
കോട്ടയം: പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പിണറായി വിജയന്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ ആരംഭിച്ച അഴിമതിയുടെ തുടര്‍ച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും ആരോപിച്ചു.
കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം തികച്ചും ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. പുറത്തുവന്ന പണമിടപാട് രേഖകള്‍ തന്റേതല്ലെന്ന് പറയാന്‍ വീണ ഇതുവരെ തയ്യാറായിട്ടില്ല. കമ്പനിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ ഏജന്‍സിയായ ഇ.ഡിയുമായി താന്‍ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും, മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലൂടെയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഹവാല മാര്‍ഗ്ഗം പണം കടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ തയ്യാറാകണം. ഇത് കേവലം സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല, ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച ഷോണ്‍ ജോര്‍ജ്ജ്, എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് റിയാസിനെതിരായ റെയ്ഡല്ലെന്നും, വീണ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണമെന്നും വ്യക്തമാക്കി. ഒരു സേവനവും നല്‍കാതെ മകള്‍ക്ക് കോടികള്‍ പണം നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് മുന്‍പ് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വിവരങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.




