മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍ അഭിജീത് ദീപ്കെ. സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അഭിജീത് ദീപ്കെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപ്കേ വിമര്‍ശനം ഉന്നയിച്ചത്.
സിജെപി കഴിഞ്ഞ ആഴ്ച ആരംഭിച്ച സ്‌കൂള്‍ തിക് കരോ ക്യാംപയിന്റെ ഭാഗമായി ലാത്തൂരിലെ ഔസ താലൂക്കിലെ ഉജാനി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് അഭിജീത് ദീപ്കെ സന്ദര്‍ശനം നടത്തിയത്. മതിയായ ക്ലാസ് മുറികള്‍, ബെഞ്ചുകള്‍, ശുചിമുറികള്‍, സുരക്ഷിതമായ റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ഥികളുടെ അവസ്ഥ ‘മൃഗങ്ങളേക്കാള്‍ മോശമായി’ മാറിയിരിക്കുകയാണെന്നും ദീപ്കെ പറഞ്ഞു. കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. വിദ്യാര്‍ഥികള്‍ക്കായി ഒന്നും ചെയ്യാത്ത രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ മാത്രമാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്? നിങ്ങളുടെ കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ജനങ്ങള്‍ കാണണം,’ എന്നും ദീപ്കെ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതുവരെ വോട്ട് ചോദിച്ച് വീടുകളിലേക്ക് വരരുതെന്ന് രാഷ്ട്രീയ നേതാക്കളോട് ജനങ്ങള്‍ പറയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതം അപകടത്തിലാണെന്ന രാഷ്ട്രീയ പ്രചാരണങ്ങളെയും ദീപ്കെ വിമര്‍ശിച്ചു. മതത്തിന് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍ കുട്ടികളുടെ ഭാവി തകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും എംഎല്‍എമാരും സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ച് അവിടുത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി അധികാരത്തിലിരുന്നിട്ടും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.ചോര്‍ന്ന ടിന്‍ മേല്‍ക്കൂരകളുള്ളതും മതിയായ ബെഞ്ചുകള്‍ ഇല്ലാത്തതുമായ സ്‌കൂളുകളില്‍ ഇപ്പോഴും വിദ്യാര്‍ഥികള്‍ പഠിക്കുകയാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഈ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ എന്താണ് നേടിയതെന്ന് വ്യക്തമാക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
നിരവധി കിലോമീറ്റര്‍ നടന്ന് സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ പാമ്പുകടിയേറ്റ് കുട്ടികള്‍ മരിച്ചതായി പുറത്തുവന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. സിജെപി സംഘം നേരത്തെ സന്ദര്‍ശിച്ച ഒരു സ്‌കൂളിന് പിന്നില്‍ കെട്ടിക്കിടന്ന മാലിന്യവും ആക്രികളും പാമ്പുകളുടെ സാന്നിധ്യത്തിന് കാരണമാകുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നുവെന്നും ആരോപിച്ചു.
സിജെപി നടത്തിയ പരിശോധനകളെത്തുടര്‍ന്ന് ചില സ്‌കൂളുകളില്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്താന്‍ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും ദീപ്കേ പറഞ്ഞു. ‘ജനങ്ങള്‍ വീണ്ടും അവരുടെ ശബ്ദം ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സംഘടനകളും പ്രസ്ഥാനങ്ങളും ഉയര്‍ന്നുവരണം. കൂടുതല്‍ ആളുകള്‍ മുന്നോട്ട് വന്ന് സംസാരിക്കുമ്പോള്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകും,’ അദ്ദേഹം പറഞ്ഞു. 2029ലെ തിരഞ്ഞെടുപ്പോടെ ജെന്‍സി വലിയൊരു വോട്ടര്‍ ശക്തിയായി മാറുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിവരുമെന്നും ദീപ്കേ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ സ്‌കൂളുകളില്‍ പഠിക്കുന്ന യുവതലമുറയ്ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ഗ്രാമങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
.




