ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി

ദുബൈ, അബൂഹൈല്‍: മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയും ദാറുന്നൂര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായിരുന്ന മര്‍ഹൂം ത്വാഖ അഹമ്മദ് മുസ്ലിയാരുടെയും, കാസര്‍ഗോഡ് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായിരുന്ന മര്‍ഹൂം ആലിക്കുട്ടി മുസ്ലിയാരുടെയും അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും റബീഹ് മൗലിദ് സദസ്സും യു.എ.ഇ ഖാസിലൈന്‍ ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. ബദ്രിയ്യ മസ്ജിദ് പ്രസിഡന്റ്, റൗളത്തുല്‍ ഉലൂം മദ്‌റസ പ്രസിഡന്റ്, സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത ജില്ലാ പ്രസിഡന്റ്, ചെമ്പിരിക്ക-മംഗലാപുരം സംയുക്ത ഖാസി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച മര്‍ഹൂം ത്വാഖ അഹമ്മദ് മുസ്ലിയാര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ അനുസ്മരിച്ചു.

യു.എ.ഇ ഖാസിലൈന്‍ ജമാഅത്ത് പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്റെ അബൂഹൈലിലെ വസതിയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഔദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ അസ്ലം ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മുഖ്യാതിഥിയായ സയ്യിദ് മുഹമ്മദ് ഹുദവി തങ്ങള്‍ തലശ്ശേരി, മര്‍ഹൂം ത്വാഖ അഹമ്മദ് മുസ്ലിയാരുടെയും മര്‍ഹൂം ആലിക്കുട്ടി മുസ്ലിയാരുടെയും ജീവിതം, പാണ്ഡിത്യം, പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിനുവേണ്ടിയുള്ള സേവനങ്ങള്‍ എന്നിവ അനുസ്മരിച്ചു. റഷീഖ് ഹുദവിയും അനുസ്മരണ പ്രഭാഷണം നടത്തി.

തുടര്‍ന്ന് റബീഹ് മൗലിദ് പാരായണവും നാട്ടില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക ദുആ സദസ്സും നടന്നു.

ഹസന്‍ ഹുദവി ഖാസിയാറകം, സനാബില്‍ റിസ, ഇഖ്ബാല്‍ കെ.പി., സലീം ജിദ്ദ, ഹാരിസ്, സിറാജ് മിസ്‌നി, സെല്ലു, ശരീഫ്, അനസ് ഖാസിയാറകം, ഷിബിലി ഖാസിയാറകം എന്നിവര്‍ സംസാരിച്ചു.

യു.എ.ഇ ഖാസിലൈന്‍ ജമാഅത്ത് പ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മുഹമ്മദ് ഖാസിയാറകം നന്ദി രേഖപ്പെടുത്തി.

Scroll to Top