കൊച്ചി മെട്രോയുടെ പേര് മാറ്റല്‍ കേന്ദ്ര നിര്‍ദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

കൊച്ചി മെട്രോയുടെ പേര് മാറ്റല്‍ വിവാദത്തില്‍ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ ”കേന്ദ്ര നിര്‍ദേശ” പ്രകാരം എന്ന രീതിയില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിര്‍ദേശം നല്‍കിയിട്ടില്ല. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ ഒന്നിലധികം മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒരു മെട്രോ റെയില്‍ കമ്പനി മാത്രമേ പാടുള്ളൂ എന്നത് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമാണ്.

സംസ്ഥാനം തള്ളിയാല്‍ വിഷയം അവിടെ തീരുമെന്നും KMRL വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് തെറ്റിദ്ധാരണയെ തുടര്‍ന്നുള്ള വിവാദം. കൊച്ചി മെട്രോ എന്നുള്ള പേര് തുടരും. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രം പേരുമാറ്റമെന്നും KMRL വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎംആര്‍എല്‍ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നു. പറവൂരില്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണ്. ക്ഷേമ പെന്‍ഷനുകള്‍ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെസിയുടെ കേരളാസന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top