ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിനെ ‘അമേരിക്കന്‍ ഭൂപ്രദേശം’ എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍: ഇറാനെ ആണവായുധം കൈവശം വെക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ മോശം കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോര്‍മുസ് കടലിടുക്കിനെ ‘അമേരിക്കന്‍ ഭൂപ്രദേശം’ എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേര്‍ന്ന് കരാറുണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ വളരെ മോശം കാര്യങ്ങള്‍ കാണേണ്ടി വരും. നമ്മള്‍ അവരെ തടഞ്ഞു, അവര്‍ക്ക് ഒരിക്കലും ആണവായുധം ലഭിക്കാന്‍ പോകുന്നില്ല’- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയൊരു കരാറിന് വാഷിംഗ്ടണ്‍ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. ‘അവര്‍ക്ക് കരാറുണ്ടാക്കാന്‍ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാര്‍ വേണോ എന്ന് ഞങ്ങള്‍ക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോര്‍മുസ് കടലിടുക്കിനെ ഞാനിപ്പോള്‍ കാണുന്നത് ഒരു അമേരിക്കന്‍ പ്രദേശമായിട്ടാണ്, അത് അമേരിക്കന്‍ മണ്ണാണ്’ – ട്രംപ് പറഞ്ഞു.
മര്‍ട്ടില്‍ ബീച്ചിലെ റാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിന് മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണം ഉണ്ടെന്നും അതൊരു യുഎസ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയില്‍ യുഎസിന് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനം തള്ളി ചൈന, ‘സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല’
അടുത്തിടെ, ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍, ഹോര്‍മുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന എഐ നിര്‍മ്മിത പങ്കുവെച്ചിരുന്നു. ഇറാന് സാമ്പത്തിക പിന്തുണ അടക്കം നല്‍കുന്ന രാജ്യങ്ങള്‍ക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളിയ ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബബാദി, ട്രംപിന്റെ വ്യാമോഹങ്ങള്‍ തങ്ങള്‍ തന്നെ തിരുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ മൊഹ്സെന്‍ റെസായിയും ട്രംപിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു. ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്.




