ജില്ലയിലെ മികച്ച വിദ്യാലയമായി ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി; സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി



സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പെര്‍ഫോര്‍മന്‍സ് അവാര്‍ഡില്‍ കാസറഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്‌കൂള്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടി. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്ന് ഓരോ വിദ്യാലയങ്ങള്‍ക്കാണ് ഈ നേട്ടം.
?2025-26 അക്കാദമിക വര്‍ഷത്തില്‍ 28 മേഖലകളിലായി സ്‌കൂള്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അഡ്മിഷനിലെ വര്‍ദ്ധനവ്, എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളിലെ നേട്ടങ്ങള്‍, സംസ്ഥാന കലോത്സവം, ശാസ്ത്രമേള, ഇന്‍സ്‌പെയര്‍, വൈ.ഐ.പി എന്നിവയിലെ പങ്കാളിത്തം എന്നിവ നിര്‍ണ്ണായകമായി. കൂടാതെ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ആസൂത്രിതമായ ഉപയോഗം, എസ്.ആര്‍.ജി പ്രവര്‍ത്തനങ്ങള്‍, അധ്യാപക പരിശീലനത്തിലെ നൂറു ശതമാനം പങ്കാളിത്തം, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രതിഭാധനരായ കുട്ടികള്‍ക്കുമായി നടപ്പിലാക്കിയ പ്രത്യേക പദ്ധതികള്‍ എന്നിവ അക്കാദമിക മികവിന് മാറ്റുകൂട്ടി. സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുടെ കാര്യക്ഷമമായ ഉപയോഗം, ഭൗതിക സാഹചര്യങ്ങളുടെ വികസനം, പി.ടി.എ, എം.പി.ടി.എ എന്നിവയുടെ സജീവ ഇടപെടലുകള്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും നിര്‍ദ്ദേശങ്ങള്‍ 100% പൂര്‍ത്തിയാക്കല്‍ എന്നിവയും ഈ അപൂര്‍വ്വ നേട്ടത്തിന് വഴിയൊരുക്കി.
?ജില്ലാതലത്തില്‍ ഒന്നാമതെത്തിയ ഇരിയണ്ണി സ്‌കൂളിന് 50,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക.

Scroll to Top