ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ തുടര്‍ച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമാവലി പ്രകാരം രണ്ട് വര്‍ഷം കാലാവധിയുള്ള പദവിയില്‍ മിശ്ര തുടരുന്നത് ചട്ടലംഘനമാണെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ദില്ലി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ തുടര്‍ച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. മലയാളി അഭിഭാഷക യോഗ മായ എം ജിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മിശ്രയുടെ ചെയര്‍മാന്‍ സ്ഥാനത്തെ തുടര്‍ച്ചയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്‍ഡിയിലെ ആവശ്യം.
2012 ലാണ് മനന്‍ കുമാര്‍ മിശ്ര ആദ്യമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്. 2014ല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബര്‍ മുതല്‍ വീണ്ടും ചെയര്‍മാനായി തുടരുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2025 മാര്‍ച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടര്‍ച്ചയായ ചെയര്‍മാന്‍ കാലാവധിയാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തില്‍ 2025 ഏപ്രില്‍ 17 മുതല്‍ 2030 ഏപ്രില്‍ 16 വരെ അഞ്ച് വര്‍ഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയര്‍മാനും വൈസ് ചെയര്‍മാനും രണ്ട് വര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളില്‍ പറയുന്ന കാലാവധിക്കപ്പുറം ചെയര്‍മാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു.
2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയര്‍മാനും വൈസ് ചെയര്‍മാനും സ്ഥാനമൊഴിയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സ്വതന്ത്ര മേല്‍നോട്ടത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും വൈസ് ചെയര്‍മാനും ഒരേ വ്യക്തികള്‍ ദീര്‍ഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കാന്‍ കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിലുള്ള റൊട്ടേഷന്‍ സംവിധാനം എന്നിവ കൊണ്ടുവരണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.




