പുന്നമട കായലില്‍ ആവേശക്കൊടിയേറ്റം, നെഹ്‌റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാന്‍ 22 ചുണ്ടന്‍ വള്ളങ്ങളുടെ പോര്

72-ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലില്‍ തുടക്കമായി. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ അവധിയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആലപ്പുഴ: 72 -ാമത് നെഹ്‌റു ട്രോഫി ജലമേള പുന്നമട കായലില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയര്‍ത്തിയത്. പുന്നമടയിലെ ജലരാജാവാകാന്‍ 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് അല്‍പ്പസമയത്തിനകം തുടങ്ങും.

ആലപ്പുഴയില്‍ അവധി
ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒന്‍പത് മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണിവരെ കെ എസ് ആര്‍ ടി സി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കടത്തിവിട്ടിട്ടില്ല. ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതല്ല.

ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം
എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനില്‍നിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി തെക്കു ഭാഗത്തേക്ക് കടത്തിവിടും. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, വൈഎംസിഎ ജംഗ്ഷന്‍ വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷന്‍ വഴി എറണാകുളം ഭാഗത്തേക്കാണ് കടത്തിവിടുക. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ആലപ്പുഴ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനില്‍നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറല്‍ ആശുപത്രി തെക്കേ ജംഗ്ഷന്‍, ചങ്ങനാശ്ശേരി ജംഗ്ഷന്‍ വഴി തിരികെ വിടും. നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്തുന്നവര്‍ അവരുടെ വാഹനങ്ങള്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാര്‍ക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളില്‍ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് സര്‍വീസ് നടത്തും.

Scroll to Top