ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അനിശ്ചിതത്വം; സന്ദര്‍ശനം നീട്ടിവെച്ചെന്ന് സൂചന

ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് താരിഖ് റഹ്‌മാന്‍ ദില്ലിയിലെത്തുമെന്ന സൂചനകള്‍ നേരത്തെ വന്നിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി വരുന്നതിനാല്‍ ചെയ്ഞ്ച് ഓഫ് ഗാര്‍ഡ് ചടങ്ങ് ഒഴിവാക്കുന്നതായുള്ള രാഷ്ട്രപതി ഭവന്‍ വാര്‍ത്താകുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്താക്കുറിപ്പ് രാഷ്ട്രപതി ഭവന്‍ പിന്‍വലിച്ചു. സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദര്‍ശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി. ഷെയ്ക് ഹസീനയെ കൈമാറണം എന്ന ആവശ്യത്തില്‍ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കണം എന്ന് വ്യക്തമാക്കി രണ്ടും കൂട്ടിക്കെട്ടാനുള്ള നീക്കവും ബം?ഗ്ലാദേശ് നടത്തുന്നുണ്ട്.

Scroll to Top