സെന്‍സസ് 2027: കാസര്‍കോട് ജില്ലയില്‍ ഒന്നാം ഘട്ടത്തില്‍ നൂറു ശതമാനം പൂര്‍ത്തികരിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലയിലെ സെന്‍സസ് ടീമിനെ അനുമോദിച്ചു

സെന്‍സസ് 2027മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഒന്നാം ഘട്ടമായ ഹൗസ്ലിസ്റ്റിംഗ് ഓപ്പറെഷന്‍സില്‍ നൂറു ശതമാനം പൂര്‍ത്തികരിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലയിലെ സെന്‍സസ് ടീമിനെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സെന്‍സസ് ഓപറേഷന്‍സ് വകുപ്പിനു വേണ്ടി ഉപഹാരം നല്‍കി അനുമോദിച്ചു.

ഈ മഹത്തായ നേട്ടത്തിനായി അഹോരാത്രം പ്രയത്‌നിച്ച ജില്ലാ സെന്‍സസ് ഓഫീസര്‍, ചാര്‍ജ്ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എന്യൂമറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സെന്‍സസ് ടീമിനെയും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ല കളക്ടര്‍ അഭിനന്ദിച്ചു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് കൃത്യതയോടും കാര്യക്ഷമതയോടും ഈ ദേശീയ ദൗത്യം വിജയിപ്പിച്ച മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സേവനം മാതൃകാപരമാണ്.

അടുത്ത ഘട്ടമായ പോപ്പുലേഷന്‍ എന്യൂമറേഷന്‍ (PE) പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച സഹകരണവും വിജയവും ജില്ലാ കളക്ടര്‍ ആശംസിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ എ ഡി എം പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെന്‍സസ് ഓഫീസര്‍ക്കുള്ള ഉപഹാരം എ ഡി എം സ്വീകരിച്ചു. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ വി ഹരിദാസ് , പൊതു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ റഫീഖ് , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ബി എം അനില്‍കുമാര്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ , എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രേഖ എന്നിവരെയും സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാരായ കാഞ്ഞങ്ങാട് കാസര്‍കോട് ആര്‍ഡിഒ മാരായ സുധീപ് ,വിജുകുമാര്‍ എന്നിവരെയും കളക്ടര്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

ചാര്‍ജ് ഓഫീസര്‍മാരായ മഞ്ചേശ്വരം തഹസീല്‍ദാര്‍ എല്‍ കെ സുബൈര്‍ , കാസര്‍കോട് തഹസീല്‍ദാര്‍ ശ്രീകുമാര്‍ ,ഹൊസ്ദുര്‍ഗ് തഹസീല്‍ദാര്‍ കെ രമേശന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ ബി രാമു എന്നിവരെയും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റി സെക്രട്ടറിമാരായ ഷാജു, ഗിരീഷ്, അനുപമ സദാനന്ദന്‍ എന്നിവരെയും . ജില്ലാതലത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജൂനിയര്‍ സൂപ്രണ്ട് കെ ജഗദീഷ , സെന്‍സസ് ക്ലര്‍ക്ക് പി രാഗേഷ് എന്നിവരെയും ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.

Scroll to Top