Advertisement

ലഹരിക്കെതിരായ കൂട്ടയോട്ടത്തോടെ മൊഗ്രാല്‍പുത്തൂരില്‍ കേരളോത്സവത്തിന് തുടക്കം

By kcnchannel / October 23, 2026

ഓപറേഷന്‍ തൂഫാനുമായി സഹകരിച്ച് ലഹരിക്കെതിരായ കൂട്ടയോട്ടത്തോടെ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ-കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രീന്‍സ്റ്റാര്‍ എരിയാല്‍, ഇ.വൈ.സി.സി എരിയാല്‍, വി-ഗാന്‍സ് കടവത്ത് എന്നീ ക്ലബുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം എരിയാല്‍ ടൗണില്‍നിന്നാരംഭിച്ച് മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സമാപിച്ചു.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുല്ലക്കുഞ്ഞി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്സണ്‍ എം.എ നജീബ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ഫൗസിയ സൈനുദ്ദീന്‍, അസ്മീന ഷാഫി, മാഷിദ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അമീര്‍ മഠത്തില്‍, ധര്‍മപാലന്‍, അബ്ദുല്‍ സമീര്‍, ഷാഹിദ നിസാര്‍, ഹനീഫ് കടപ്പുറം എന്നിവര്‍ സംബന്ധിച്ചു.
കൂട്ടയോട്ടത്തില്‍ മുഹമ്മദ് അബൂബക്കര്‍ (മിറാക്കിള്‍ കമ്പാര്‍), അഷ്ഫാഖ് (ഡിഫന്‍സ് മൊഗര്‍), കാദര്‍ (ആസ്‌ക് പുത്തൂര്‍) എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.