Advertisement

‘വേണമെങ്കില്‍ എന്നെ നീക്കാം’; പക്ഷേ ഇക്കാര്യത്തില്‍ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുല്‍

By kcnchannel / October 6, 2026

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ ഇന്ത്യ സഖ്യം എംപിമാര്‍ക്ക് അവസരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും ബലപ്രയോഗത്തിലൂടെ വേണമെങ്കില്‍ എന്നെ നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഇരിക്കരുതെന്ന് പൊലീസ് പറയുകയാണെന്നും, പിന്നെ എവിടെ പോകുമെന്നും രാഹുല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കാന്‍ നീക്കം നടക്കുകയാണ്. ഒരു മണിക്കുറിനുള്ളില്‍ ഇവര്‍ കമ്മീഷനെ കണ്ടേക്കുമെന്നാണ് സൂചന. നിലവില്‍ ഇതിനായുള്ള നിവേദനം തയ്യാറാക്കുകയാണ്.

അതേസമയം, പ്രിയങ്ക ഗാന്ധിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഡിസിപി മുഖാന്തരം സംസാരിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക നിലപാട് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ കെ.സി. വേണുഗോപാലുമായി വീണ്ടും ചര്‍ച്ച നടത്തി. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ കൊണ്ടുപോയ ബസിന്റെ കാറ്റ് അഴിച്ചുവിടുകയും ബസിന്റെ ചാവി ഊരിയെടുത്ത് ഒരു പ്രവര്‍ത്തകന്‍ ഓടുകയും ചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ കൈകോര്‍ത്ത് പിടിച്ച് സമരം നടത്തി. ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നിവരെ നീക്കാന്‍ പൊലീസ് ശ്രമിച്ചു.