Advertisement

‘കോണ്‍ഗ്രസ് സ്വയം പരിശോധന നടത്തണം; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ SIRനെ പഴി പറഞ്ഞിട്ട് കാര്യമില്ല’: അമിത് ഷാ

By kcnchannel / October 13, 2026

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എസ്‌ഐആറിനെ പഴി പറഞ്ഞിട്ട് കാര്യമില്ല. ബിജെപിയുടെ ജന പിന്തുണയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. എസ്‌ഐആര്‍ പ്രക്രിയ തുടങ്ങും മുന്‍പും കോണ്‍ഗ്രസ് തോറ്റിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റ് സ്ഥലങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന് എസ്‌ഐആര്‍ കാരണമായോ എന്ന് അമിത് ഷാ ചോദിച്ചു.

നിലവിലെ എസ്.ഐ.ആര്‍. നടപടികള്‍ 2024-ന് ശേഷമാണ് തുടങ്ങിയതെങ്കിലും, രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അമിത് ഷായുടെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി വന്‍ വിജയം നേടിയിരുന്നു. 44-ല്‍ 38 സീറ്റുകളും ബിജെപി വിജയിച്ചു. കൂടാതെ, താര, ഓഖ മുനിസിപ്പാലിറ്റികളിലെ ഭരണവും ബിജെപി നിലനിര്‍ത്തി.

പശ്ചിമ ബംഗാള്‍, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ‘ദശാബ്ദങ്ങളായി’ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ത്രിപുരയില്‍ കഴിഞ്ഞ 33 വര്‍ഷമായി ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയും വിജയിച്ചിട്ടില്ല. ബംഗാളില്‍ 54 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം നേടാനായിട്ടില്ല. ബംഗാള്‍, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയം നേരിടുന്നുവെന്നും ഇത് എസ്‌ഐആറു കൊണ്ടാമോയെന്ന് അദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ വിമര്‍ശനം.