Advertisement

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ വിജയത്തുടക്കമിട്ട് മുഹമ്മദ് സിറാജ്, ഇന്നിംഗ്‌സ് ജയവുമായി മുംബൈയും ഹൈദരാബാദും

By kcnchannel / October 13, 2026

മുംബൈ: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ച് മുന്‍ ചാമ്പ്യന്മാരായ മുംബൈയും ഹൈദരാബാദും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തില്‍ ചണ്ഡീഗഡിനെ ഇന്നിംഗ്‌സിനും 155 റണ്‍സിനുമാണ് മുംബൈ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ (എലൈറ്റ് ഗ്രൂപ്പ് ബി) ത്രിപുരയെ ഇന്നിംഗ്‌സിനും 40 റണ്‍സിനും തകര്‍ത്ത് ഹൈദരാബാദും ഗംഭീര വിജയം ആഘോഷിച്ചു.

ചണ്ഡീഗഡിനെ കശക്കിയെറിഞ്ഞ് മുംബൈ

വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ഇന്നിംഗ്‌സില്‍ 429 റണ്‍സ് അടിച്ചുകൂട്ടി. നായകന്‍ സിദ്ധേഷ് ലാഡ് (86), മുഷീര്‍ ഖാന്‍ (65), തനുഷ് കോട്ടിയാന്‍ (58), മോഹിത് അവസ്തി (56*) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗഡിന്റെ ഒന്നാം ഇന്നിംഗ്‌സ് വെറും 78 റണ്‍സില്‍ അവസാനിച്ചു. 351 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി ഫോളോ ഓണ്‍ ചെയ്ത ചണ്ഡീഗഡ് രണ്ടാം ഇന്നിംഗ്‌സില്‍ 196 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈയ്ക്കായി ഷംസ് മുലാനിയും തനുഷ് കോട്ടിയാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ചുരുക്കത്തില്‍: മുംബൈ: 429. ചണ്ഡീഗഡ്, 78,196.

ത്രിപുരയെ തളച്ച് തനയ് ത്യാഗരാജ്

ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത് ബൗളര്‍മാരുടെ പ്രകടനമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ തനയ് ത്യാഗരാജനും (6/52) 2 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് (2/19) ത്രിപുരയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സിന് പുറത്തായ ത്രിപുരക്കെതിരെ ഹൈദരാാബദ് ഒന്നാം ഇന്നിംഗ്‌സില്‍ 294 റണ്‍സെടുത്തു. ത്രിപുരയുടെ രണ്ടാം ഇന്നിംഗ്‌സ് 120 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ത്രിപുര 134,120, ഹൈദരാബാദ് 294.