Advertisement

വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പ്രധാന പ്രതി ഷിന്റോയുമായി നേരിട്ട് ബന്ധം

By kcnchannel / October 13, 2026

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി ഫിറോസ് ആണ് പിടിയിലായത്. പ്രധാന പ്രതി ഷിന്റോ ഷിബുവുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഫിറോസ്. മലബാറിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരന്‍ ആണ് പിടിയിലായ ഫിറോസ് എന്ന് പൊലീസ്. ഇയാളെ മുന്‍പ് മൊടക്കല്ലൂരിലെ ലോഡ്ജില്‍ വച്ച് യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ കൂത്താളി സ്വദേശി അനസിന്റെ കൂട്ടാളിയാണ് ഫിറോസ്.

വടകര എംഡിഎംഎ കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സമാനതകളില്ലാത്ത വീഴ്ചയായിരുന്നു. ലഹരി മാഫിയയുടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ ഷിന്റോയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാരും ജയില്‍ മോചിതരായി. അഞ്ചാം പ്രതി ജിജില്‍ കുര്യാക്കോസിന് ജാമ്യം ലഭിച്ചെങ്കിലും പയ്യോളി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു മയക്കുമരുന്ന് കേസ് നിലവിലുള്ളതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.